Jesus Youth Daily Prayer Malayalam
ജീസസ് യൂത്ത്
അനുദിന പ്രാർത്ഥന
നാഥന്റെ കൂടെ
(കുരിശടയാളത്താൽ സ്വയം ആശീർവദിച്ചുകൊണ്ട്)
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ ആമേൻ.
കർത്താവേ, ഞങ്ങളെ പ്രാർത്ഥിക്കാൻ പഠിപ്പിക്കണമേ
കർത്താവേ, അങ്ങയുടെ ആത്മാവിനാൽ ഞങ്ങളെ നിറയ്ക്കണമേ
പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി
ആദിയിലെപ്പോലെ ഇപ്പോഴും എപ്പോഴും എന്നേക്കും ആമേൻ.
(സ്തുതിയുടെയും കൃതജ്ഞതയുടെയും മനോഹര നിമിഷങ്ങളിലൂടെ നാഥന്റെ സ്നേഹസവിധത്തിലേക്ക് പ്രവേശിക്കാം)
കരുണാമയന്റെ ചാരെ
ദൈവമേ, എന്നെ പരിശോധിച്ച്
എന്റെ ഹൃദയത്തെ അറിയണമേ!
എന്നെ പരീക്ഷിച്ച്
എന്റെ വിചാരങ്ങൾ മനസ്സിലാക്കണമേ!
വിനാശത്തിന്റെ മാർഗത്തിലാണോ
ഞാൻ ചരിക്കുന്നതെന്നു നോക്കണമേ!
ശാശ്വത മാർഗത്തിലൂടെ എന്നെ നയിക്കണമേ!
(സങ്കീ. 139: 23-24)
(നിശബ്ദതയിൽ പരിശുദ്ധാത്മാവ് ഹൃദയം പരിശോധിക്കട്ടെ; നിന്റെ വിശ്വസ്തത... ദൈവത്തോടും, ജീസസ് യൂത്ത് ജീവിത ശൈലിയോടും (ആറ് അടിസ്ഥാനഘടകങ്ങളുടെ അനുവർത്തനം), ദൈവം നിന്നെ ഭരമേൽപിക്കുന്ന ഉത്തരവാദിത്വങ്ങളോടും...)
യേശുനാഥാ, അങ്ങയുടെ അചഞ്ചലമായ സ്നേഹത്തിനും ആർദ്രമായ കരുണയ്ക്കും ഞാൻ നന്ദി പറയുന്നു. അങ്ങയോടും അങ്ങെന്നെ ഏൽപ്പിച്ച ഉത്തരവാദിത്വങ്ങളോടും വിശ്വസ്തത പുലർത്തുവാൻ ഞാൻ ആഗ്രഹിക്കുന്നു.
ജീസസ് യൂത്തിലൂടെ അങ്ങു തന്ന അടിസ്ഥാനങ്ങളിൽ ആഴപ്പെട്ടുകൊണ്ട് അങ്ങയെപ്പോലെയായിത്തീരുവാൻ ഞാൻ അഭിലഷിക്കുന്നു. അങ്ങയുടെ കാരുണ്യത്തിനൊത്തവിധം എന്നോട് ദയ തോന്നണമേ. അങ്ങയുടെ തിരുരക്തത്താൽ സകല പാപങ്ങളിൽ നിന്നും അവിശ്വസ്തതയിൽ നിന്നും എന്നെ ശുദ്ധീകരിക്കണമേ.
നിർമലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ. ഒരു നവചൈതന്യം എന്നിൽ നിറച്ച് അങ്ങേ കൃപയാൽ എന്നെ നയിക്കണമേ ആമേൻ.
സമർപ്പണ വഴിയേ
അബാ പിതാവേ, എന്റെ കുറവുകളോടും വീഴ്ചകളോടും കൂടെ എന്നെ സ്നേഹിക്കുന്നതിന് ഞാൻ അങ്ങയെ ആരാധിക്കുന്നു. രക്ഷകനായ യേശുവേ, കുരിശിലൂടെ അങ്ങെനിക്കു തന്ന പുതുജീവനിൽ ഞാൻ ആനന്ദിക്കുന്നു. എന്നോടൊപ്പമായിരിക്കുന്ന സഹായകമായ പരിശുദ്ധാത്മാവേ, അങ്ങയുടെ മാർഗത്തിൽ ചരിക്കുവാൻ ക്ഷമയോടെ എന്നെ പഠിപ്പിക്കുന്നതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു. ത്രിയേക ദൈവമേ, ഞാൻ എപ്പോഴും അങ്ങയുടെ സ്‌നേഹവലയത്തിലാണെന്ന ബോധ്യം എന്നിൽ ആഴപ്പെടുത്തണമേ. എന്റെ എല്ലാ ചിന്തകളോടും ആഗ്രഹങ്ങളോടും കൂടെ ഞാൻ എന്നെ അങ്ങേക്ക് അടിയറവ് വയ്ക്കുകയും അങ്ങയുടെ സർവാധിപത്യം സന്തോഷപൂർവം സ്വീകരിക്കുകയും ചെയ്യുന്നു. എന്റെ ഈ ജീസസ് യൂത്ത് പ്രേഷിതയാത്രയിൽ ഞാൻ എപ്പോഴും അങ്ങയുടെ മഹത്വം മാത്രം തേടട്ടെ.
(സമർപ്പണത്തിന്റെ ധന്യ നിമിഷങ്ങൾ... ഭാഷാവരത്തിൽ പ്രാർത്ഥിച്ചുകൊണ്ട് നിശ്ശബ്ദതയിലേക്ക് പ്രവേശിക്കാം; ദൈവസ്വരത്തിനായി കാതോർക്കാം.. അതിനുശേഷം പ്രതിദിന സുവിശേഷഭാഗം വായിച്ച് ധ്യാനിക്കാവുന്നതാണ്)
ഒരു കുടുംബമായ്
യേശുനാഥാ, ലോകമെമ്പാടുമുള്ള ജീസസ് യൂത്ത് മുന്നേറ്റത്തെ ഞാൻ അങ്ങേക്ക് കാഴ്ചയർപ്പിക്കുന്നു. അതിനു നേതൃത്വമേകുന്നവരെല്ലാം അങ്ങയുടെ ആത്മാവിനാൽ നയിക്കപ്പെടുകയും ഏക ഹൃദയവും ഏക മനസും ഉള്ളവരായി തീരുകയും ചെയ്യട്ടെ. ഓരോ ജീസസ് യൂത്തും അങ്ങയുടെ സ്നേഹത്തിലും പ്രേഷിത തീക്ഷ്ണതയിലും വളരുക വഴി മാനവരാശിയൊന്നാകെ അങ്ങയെ കണ്ടുമുട്ടുവാനും, അങ്ങിലുള്ള ജീവന്റെ തികവ് അനുഭവിക്കുവാനും ഇടയാകട്ടെ. സകലജനത്തിന്റെ രക്ഷയ്ക്കും എന്റെ വ്യക്തിപരമായ വിശുദ്ധീകരണത്തിനുമായി ലോകമെമ്പാടുമർപ്പിക്കപ്പെടുന്ന ദിവ്യബലികളോടും തിരുസഭയുടെ പ്രാർത്ഥനകളോടും ചേർത്ത് ഈ സുദിനത്തിലെ എന്റെ ത്യാഗങ്ങളും പ്രാർത്ഥനകളും ഞാൻ അങ്ങേക്ക് കാഴ്ച വയ്ക്കുന്നു.
അബാ പിതാവേ, ലോകമെങ്ങുമുള്ള സകല ജീസസ് യൂത്ത് കുടുംബാംഗങ്ങളോടും ചേർന്ന് സന്തോഷപൂർവം ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു:
"സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ..."
നിറയാം, പങ്കുവയ്ക്കാം
പിതാവായ ദൈവമേ, സുവിശേഷത്തിന്റെ ആനന്ദം അനുഭവിക്കുവാനും പങ്കുവയ്ക്കുവാനുമായി ഞങ്ങളെ തിരഞ്ഞെടുത്തതിന് ഞങ്ങൾ അങ്ങേക്ക് നന്ദി പറയുന്നു. അങ്ങയെ കൂടുതൽ വ്യക്തമായി അറിയുവാനും, ഹൃദ്യമായി സ്നേഹിക്കുവാനും, അടുത്ത് അനുഗമിക്കുവാനുമുള്ള കൃപ ഞങ്ങൾക്ക് നൽകണമേ. ഈ പ്രാർത്ഥനകൾ കർത്താവായ ക്രിസ്തുവിലൂടെ അങ്ങേക്ക് ഞങ്ങൾ അർപ്പിക്കുന്നു, ആമേൻ.
അപ്പസ്തോലന്മാരുടെ രാജ്ഞിയായ പരിശുദ്ധ മറിയമേ, മുഖ്യ ദൂതനായ വിശുദ്ധ മിഖായേലേ, വിശുദ്ധ ഫ്രാൻസിസ് അസ്സീസ്സി, സകല വിശുദ്ധരേ, മാലാഖമാരേ, ഞങ്ങളോടു കൂടെയായിരിക്കുകയും വിശുദ്ധിയിൽ വളരുവാൻ ഞങ്ങളെ സഹായിക്കുകയും ചെയ്യണമേ.
കർത്താവ് നമ്മെ അനുഗ്രഹിക്കട്ടെ, എല്ലാ തിന്മകളിൽ നിന്നും സംരക്ഷിക്കട്ടെ, നിത്യമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുമാറാകട്ടെ, ആമേൻ.
Comments
Post a Comment